പൂവത്തുംകടവ്: ഉന്നതതലയോഗത്തിലെ തീരുമാനം എൻഎച്ച് നിർമാണ കരാർ കമ്പനി അട്ടിമറിച്ചു; ചളിമണ്ണും വെള്ളവും മാലിന്യവും ഉപയോഗിച്ചുള്ള അനധികൃത നികത്തൽതടഞ്ഞ് പ്രദേശവാസികൾ. നാഷണൽ ഹൈവേയുടെ നിർമാണ കമ്പനിയായ ശിവാലയ മതിലകം പൂവ്വത്തുംകടവ് മേഖലയിൽ വ്യാപകമായി ചളി മണ്ണും വെള്ളവും ചേർന്ന കുറുക്കു മിശ്രിതം അടിച്ച് നികത്തൽ നടത്തുന്നതിനെതിരെ പ്രതിഷേധം ശക്തം. സർവീസ് റോഡ് പരിസരത്ത് അടിക്കുന്ന ചളിയും മാലിന്യവും പഞ്ചായത്ത് റോഡുകളിലേക്കും സ്വകാര്യ റോഡുകളിലേക്കും വ്യാപകമായി തള്ളിവിട്ടു പൊതുജനങ്ങൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാനുള്ള അവകാശത്തെ ഹനിക്കുക്കുക യാണെന്ന ആരോപണം നിലവിലുണ്ട്.
കഴിഞ്ഞയാഴ്ച കെ.കെ. വത്സരാജ് എംഎൽഎയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റുമാരും മെമ്പർമാരും ദേശീയപാത ഉദ്യോഗസ്ഥരും ശിവാലയ കമ്പനിയും ചേർന്ന് കൂടിയ ഉന്നതതല യോഗ തീരുമാനത്തിൽ ഇനി മുതൽ അങ്ങനെയൊരു വിഷയം ഉണ്ടാകില്ല എന്ന് ഉറപ്പു നൽകിയ കമ്പനി, ആ ഉറപ്പിന് വിരുദ്ധമായാണ് വ്യാപകമായി ഇപ്പോഴും ചളി മിശ്രിതം അടിച്ചുനികത്തിക്കൊണ്ടിരിക്കുന്നതെന്നു ജനപ്രതിനിധികൾ പറഞ്ഞു .
കഴിഞ്ഞ ദിവസം മതിലകം ഗ്രാമപഞ്ചായത്ത് അംഗവും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ സുനിൽ പി. മേനോന്റെ നേതൃത്വത്തിൽ നാട്ടുകാർ അനധികൃത നികത്തൽ തടഞ്ഞു.
ഇതേത്തുടർന്ന് മതിലകം സബ് ഇൻസ്പെക്ടർ സജീവന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥ ലത്തെത്തി ശിവാലയ കമ്പനി അധികൃതരുമായി സംസാരിച്ച് ഇനി ഇത്തരത്തിലുള്ള നികത്തൽ നടത്തുകയില്ലെന്നും നിലവിലുള്ള മണ്ണ് നീക്കം ചെയ്യാം എന്നുമുള്ള ഉറപ്പിന്മേൽ താത്കാലികമായി സമരം നിർത്തിവച്ചു.
സമരത്തിന് ഡോ. പ്രേംരാജ്, പി.ആർ. രാജേഷ് , എൻ.എം. ഷെമിതൻ, ശാന്ത പുന്നയിൽ, ഫിലോമിന കുണ്ടുകുളം, ലിന്റൻ ആന്റണി, റോസിലി തുടങ്ങിയവർ നേതൃത്വം നൽകി.